About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Tuesday, 30 September 2014

മനസുകുത്തി

                          നഗരത്തിലെ പേരുകേട്ടൊരു ഷോറൂമിൽനിന്ന്  -കുറഞ്ഞത്‌ രണ്ടു കൊല്ലമെങ്കിലും നിൽക്കുമെന്ന സേൽസ്മാൻറെ ഉറപ്പിന്മേൽ-  രണ്ടായിരം രൂപ എണ്ണിക്കൊടുത്തുവാങ്ങിയ ഷൂസിലൊന്ന് വാഗ്ദാനലംഘനത്തിന്റെ ആദ്യത്തെ വിള്ളൽ പുറത്തുകാണിച്ചപ്പൊഴാണ് ഈ ചെറിയ  ലോകത്തിൽ ചെരിപ്പുകുത്തികളുടെ ആവശ്യകതയെകുറിച്ച് അവൻ ബോധവാനായത്. അതികമൊന്നും അലയേണ്ടിവന്നില്ല, ഓഫീസിനുമുൻപിലെ സ്ഥിരം ചായക്കടയോട് ചേർന്നിരിക്കുന്ന പടുകിളവൻ ചെരിപ്പുകുത്തിയുടെ കാര്യം സുഹൃത്താണ് ഓർമിപ്പിച്ചത്.

ചായക്കടയുടെ നിരത്തിനോടുചേർന്നുള്ള മൂലയിൽ അല്പംമുൻപ് ഭൂമിയിൽനിന്നു പൊട്ടിമുളച്ചെന്നമട്ടിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. വ്യവസായവല്കരണത്തിൽ നിറംമാറിയ ഡാർവിന്റെ ശലഭങ്ങലെപ്പോലെ പശ്ചാത്തലത്തിൽനിന്ന് അയാളുടെ വസ്ത്രത്തിൻറെ നിറം വേർതിരിച്ച് പറയുക അസാധ്യമായിരുന്നു. ആ തൂണുകളും ചായപ്പാത്രങ്ങളും ചില്ലുഗ്ലാസുകളും പോലെ ഏറെപ്പഴകിയ ചായക്കടയുടെ ഒരു ഭാഗമായിരുന്നു അയാളും.കണ്ണുകളിൽ ചോദ്യചിഹ്നം വരച്ച് അയാളവനെ എതിരേറ്റു. വർഷങ്ങളായി തങ്ങൾ ജലസ്പർശം അറിഞ്ഞിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന നരച്ചതും ചെമ്പിച്ചതുമായ രോമങ്ങൾക്കിടയിൽ നേർത്തൊരു ഇരുട്ടായിരുന്നു അയാളുടെ മുഖം. ആ ഇരുട്ടിനിടയിലും രണ്ട് കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.

അയാളുടെ കറുത്തകൈകൾ തുന്നൽസൂചിയുമായി അതിവേഗം ഉയർന്നുതാണു. ഞൊടിയിടയിൽ ജോലിതീർത്ത് വളരെ തുച്ചമായൊരു കൂലി അയാൾ ആഗ്യം കാട്ടിപ്പറഞ്ഞു. അതൊരു ചായക്കുപോലും തികയില്ലെന്നവൻ  ഓർമിപ്പിച്ചപ്പോൾ തിളങ്ങുന്ന കണ്ണുകളിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു. അയാൾ സംസാരശേഷിയില്ലാത്തവനാണെന്നും കണ്ണുകൾകൊണ്ടയാൾ സംസാരിക്കുന്നുവെന്നും അവനോർത്തു.

പിന്നീട്‌ അവനയാളെ ശ്രദ്ധിച്ചുതുടങ്ങി. ഓഫിസിലേക്കുള്ള യാത്രയിലും തിരിച്ചും അവനയാളെ നോക്കി കൈവീശി, പകരം കണ്ണുകൾകൊണ്ടയാൾ  ചിരിച്ചുകാട്ടി. അയാൾ പൈപ്പുവെളളം കുടിച്ച് വിശപ്പടക്കുന്നതും പീടികത്തറയിൽ ചാക്കുവിരിച്ച് കിടക്കുന്നതുമായ രംഗങ്ങൾ അവനിൽ സഹതാപതരംഗം സ്രിഷ്ടിച്ചു. അയാളെ സഹായിക്കേണ്ടത് തൻറെ കടമയാണെന്ന് അവനുതോന്നി.

അതുകൊണ്ടുതന്നെ മാസശമ്പളം കയ്യിൽ കിട്ടിയപ്പോൾ അതിലൊരു പങ്കെടുത്ത് ഒട്ടും വൈകിക്കാതെ അവൻ ചായക്കടക്കുമുൻപിലെത്തി; ചുറ്റും കൂടിനിൽക്കുന്ന അപരിചിതർക്ക് ശ്രദ്ധിക്കാനിടകൊടുക്കാതെ അതയാളുടെ കയ്യിൽവെച്ചുകൊടുത്തു. തിളങ്ങുന്ന കണ്ണുകളിൽ ചോദ്യഭാവമുയർന്നു. സഹാനുഭൂതി  ചേർത്തു പുഞ്ചിരിക്ക് സദൃശ്യമായൊരു ഭാവത്തോടെ അവൻ പറഞ്ഞു...

 "ഒരു ചെറിയ സഹായം..." 

നന്ദിപ്രകടിപ്പിക്കാനാകാതെ ആ മിണ്ടാപ്രാണി പൊട്ടിക്കരഞ്ഞേക്കുമെന്നും തൻറെ പാദുകങ്ങൾ പുണർന്നേക്കുമെന്നുമൊക്കെ അവനു തോന്നി. അതിനു കാത്തുനിൽക്കാതെ അവൻ വേഗം തിരിഞ്ഞുനടക്കാൻ ഭാവിച്ചു.

അയാളുടെ കണ്ണുകൾ പെട്ടന്ന് അമ്പേറ്റ പക്ഷിയെപ്പോലെ പിടഞ്ഞു.

"നിൽക്ക്..."         അയാളലറി.

 അവൻ ഞെട്ടിത്തിരിഞ്ഞു.
അന്തരീക്ഷത്തിൽ ചാട്ടുളിപോലുയർന്ന ശബ്ദം കേട്ട്  അവനയാളെ അവിശ്വസനീയതയോടെ നോക്കി. കത്തിനിൽക്കുന്ന ആ കണ്ണുകളിൽ  അവനെ ദഹിപ്പിക്കാനുള്ളത്ര  തീയുണ്ടായിരുന്നു.

"കൊണ്ട്പോ നിൻറെ പിച്ചക്കാശു്..." പണം ചുരുട്ടിയെറിഞ്ഞ് അയാൾ തുടർന്നു, "...ഭിക്ഷക്കാരനാണെന്ന് കരുതിയോ നീ...? ജോലിചെയ്തു ജീവിക്കാൻ ഇപ്പോഴും ആരോഗ്യമുണ്ട്... അതല്ലാത്തൊരു കാലം വന്നാലും  ആരുടെ മുന്പിലും കൈനീട്ടാൻ പോകില്ലഞാൻ..."

അവൻറെ ചുണ്ടുകൾ വിതുമ്പിത്തുടങ്ങിയിരുന്നു . അവൻ പെട്ടന്ന് അപ്രത്യക്ഷനാകുന്നതിനെകുറിച്ചും അതേ നിമിഷംതന്നെ ഭൂമികുഴിച്ച് അന്തർധാനം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചു. അവ രണ്ടും അസാധ്യമെന്നുകണ്ടതിനാൽ നിരത്തിൽ കിടന്ന പണം പെറുക്കിയെടുത്ത് പരിഹസിച്ചു ചിരിക്കുന്ന കാഴ്ച്ചക്കാർക്കിടയിലൂടെ ഇരുട്ടിലെങ്ങോ പോയൊളിച്ചു , കുത്തേറ്റ മനസിൽനിന്ന് ചോര വാർന്നുവീഴുന്നുണ്ടായിരുന്നു...  
   


7 comments:

  1. ivide aaranu thettu cheythathu ?

    ReplyDelete
  2. your explanation abt the cheruppukuthi is awesome !

    ReplyDelete
  3. dear പ്രേം,

    ജീവിതത്തിൽ ചില നിമിഷങ്ങളുണ്ട്... തെറ്റിന്റെയും ശരിയുടേയും definitions അപ്ലൈ ചെയ്യാൻ പറ്റാത്ത ചില നിമിഷങ്ങൾ... അതുപോലോന്നാണ് ഇതെന്ന് തോന്നുന്നു. രണ്ടുപേരും മുറിവേറ്റവരാന്... ഒരാളുടെ ആത്മാഭിമാനമാണ് മുറിവേറ്റതെങ്കിൽ മറ്റെയാളുടെ മനസിനേറ്റ മുറിവാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്.

    ഇതു വായിക്കാൻ കാണിച്ച സ്നേഹത്തിനു നന്ദി

    ReplyDelete
    Replies
    1. കഥ കൊള്ളാം ഈ കമന്റ്‌ ഉഗ്ഗ്രെൻ

      Delete
  4. Nee aano AVAN ? well written :)

    ReplyDelete