About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Tuesday, 19 August 2014

സമാധി


ദു:ഖങ്ങളെ ഇറക്കിവെക്കാൻ ഞാൻ രാത്രിയുടെ മടിത്തട്ടിലേക്ക് ഓടിയടുക്കുന്നതെന്തിനാണ്... ഉതിർന്നുവീഴാൻ വെമ്പുന്ന കണ്ണുനീർതുള്ളികളെ അവൾക്കു സമ്മാനിക്കാൻ ഞാൻ മിഴിച്ചെപ്പിൽ പൂട്ടിവെക്കുന്നതെന്തിനാണ്... എൻറെ സ്വകാര്യദു:ഖങ്ങൾ ഉറങ്ങാതെ കേട്ടിരുന്ന് രാത്രിയുടെ കണ്‍തടങ്ങൾ കറുത്തിരുണ്ടു. ഇനിയൊരു പൗർണമിയിലെ പാൽനിലാവിനും അവളെ വെളുപ്പിക്കാനാകില്ല. രാത്രി...തിളങ്ങാൻ കൊതിച്ച മിന്നാമിനുങ്ങിനും നക്ഷത്രക്കുഞ്ഞുങ്ങൽക്കും വേണ്ടി കറുപ്പിൻറെ മൂടുപടം സ്വയം ഏറ്റുവാങ്ങിയ രാത്രി... വിടരാൻ നാണിക്കുന്ന വെള്ളപ്പൂക്കൾക്കും  കരയാൻ വെമ്പുന്ന കണ്ണുകൾക്കും വേണ്ടി സ്വകാര്യതയുടെ തിരശീല നെയ്ത് കാവലിരിക്കുന്ന രാത്രി... അവൾ ശൂന്യതയല്ല, പൂർണതയാണ്... ഇരുട്ടിന്റെ ഓരോ കണികയിലും അവൾ രഹസ്യങ്ങൾ ഒളിച്ചുവെച്ചു; ഓരോ രഹസ്യങ്ങളിലും വേദനകളും...

രാത്രിയുടെ ഇരുണ്ട നിലവറകളിൽ ഞാനെൻറെ മോക്ഷത്തിന്റെ നിധി തേടിയലഞ്ഞു. തള്ളിത്തുറന്ന ഓരോ അറകളിലും അവിശ്വസനീയതയുടെ പഴന്തുണികൊണ്ട് മറച്ചുവെച്ച സത്യത്തിന്റെ രത്നങ്ങളുണ്ടായിരുന്നു...അത് തിരിച്ചറിയുംതോറും കണ്ണുകളിലെ പ്രകാശത്തിനൊപ്പം എൻറെ ദു:ഖങ്ങളുടെ ഭാരവും കൂടിക്കൊണ്ടിരുന്നു... ഒടുവിൽ ദു:ഖഭാരത്താൽ മുൻപോട്ടു നീങ്ങാനാകാതെ വിദൂരമായ ലോകത്തിനു മുൻപിൽ ഞാനെൻറെ തിളങ്ങുന്ന കണ്ണുകളെ കൊട്ടിയടച്ചു... ഇനി സമാധി... ഇരുട്ടിന്റെ കറുത്ത ശല്ക്കങ്ങൾക്കുള്ളിൽ... രാത്രിയുടെ പൂർണതയിൽ ഒരപൂർണതയായി... അനുഭവങ്ങളെ നിർവികാരതയുടെ പഴന്തുണിയാൽ മൂടിക്കെട്ടി... സത്യത്തിൻറെ പുതിയൊരു രത്നമാകുന്നതും കാത്ത്...
ഒരു നീണ്ട സമാധി...

Thursday, 14 August 2014

പ്രാർത്ഥന


മരിക്കാനൊരിത്തിരി വിഷമല്ല,
ജീവിക്കാൻ വിഷമില്ലാത്തതെന്തെങ്കിലും ...

Wednesday, 13 August 2014

കാത്തിരിപ്പ്


വെയിലിനായി ഞാനെൻ ജാലകങ്ങൾ
തുറന്നിടാറില്ല
വെയിലെന്നെ ജാലകത്തിലൂ-
ടെത്തിനോക്കാറുമില്ല

പക്ഷെ...
ഇന്നലെ സന്ധ്യയിൽ
വഴിതെറ്റിവന്നോരിളവെയിൽത്തുണ്ട്
ജാലകത്തിലൂടൊളിച്ചുവന്നെൻ മുഖത്തായ്
ചുംബിച്ചുമറഞ്ഞതിൽപിന്നെ

ഞാനിന്ന് കാത്തിരിക്കുന്നു
തുറന്ന ജാലകങ്ങളും
തെളിഞ്ഞ  മുഖവുമായി...

Tuesday, 12 August 2014

നിഴൽ


ഇരുൾ നിറഞ്ഞ വിജനതയിൽ
നിനക്കൊപ്പം ഞാനുണ്ടായിരുന്നു
കൂരിരുട്ടിൻറെ പുതപ്പിനുള്ളിൽ
നിനക്കുകാവലായി ഞാനുണർന്നുകിടന്നു
വഴിത്താരയിൽ പകൽവെട്ടം വീണപ്പോൾ
ഞാൻ നിനക്കന്യനായി...
നിലാവെളിച്ചത്തിൽ
നീയെന്നെക്കണ്ട് ഭയന്നു...
എന്നിട്ടും...
ദു:സ്വപ്നങ്ങളുടെ ഈ നശിച്ച രാത്രിയിൽ
നിനക്കന്തിക്കൂട്ട്‌ ഞാൻ മാത്രം...

കൊലയാളി


അക്ഷരങ്ങളെൻറെ മക്കളായിരുന്നു 
അക്കങ്ങൾവളർത്തുമക്കളും
അക്ഷരങ്ങളെ ഞാൻ കൊന്നുകുഴിച്ചുമൂടി
അക്കങ്ങളെ  വളര്ത്തി വലുതാക്കി
അവരെനിക്കെന്തൊക്കെയൊ നേടിത്തന്നു
പക്ഷെ...
അക്ഷരങ്ങൾക്കൊപ്പം കൊല്ലപ്പെട്ടത്
എൻറെ ആത്മാവായിരുന്നു...

Friday, 1 August 2014

മഴ


നിനക്ക് കവിതയാണ്...
നഷ്ടപ്രണയത്തിന്റെ നൊമ്പരമാണ്....
കാമുകിയുടെ കണ്ണുനീരാണ്...
കമ്പിളിയുടെ ചൂടും, ചുടുചായയുടെ മധുരവുമാണ്...

എനിക്ക്...
ഉണങ്ങാത്ത തുണികളാണ്...
ചോർന്നൊലിക്കുന്ന മേല്ക്കൂരയാണ്...
കൂലിയില്ലാത്ത പകലുകലാണ്...
ആശുപത്രി വരാന്തയുടെ ഗന്ധമാണ്...