എൻറെ ശരീരമാണ് നിനക്കുള്ള തടവറ
പ്രണയമാണ് ഞാൻ വിധിക്കുന്ന ശിക്ഷ
ഞാൻ നിന്നെ പ്രണയിക്കും,
ആ വികാരത്തിൻറെ സർവ്വശക്തിയുമെടുത്തുതന്നെ
പ്രണയത്തിൻറെ ലഹരി
നിൻറെ രക്തത്തിൽ കലരുമ്പോൾ
അണലിവിഷമേറ്റവളെപ്പോലെ
നീ അനക്കമറ്റവളാകും...
എൻറെ ആത്മാർത്തതയാണ് നിന്റെ ആരാച്ചാർ
അതുനിന്നെ അന്ധതയുടെ മൂടുപടമണിയിക്കും
വിശ്വസ്തതയാൽ ഞാൻ നിന്നെ ബന്ധനസ്ഥയാക്കും
എന്റെ ചുവന്ന ചുണ്ടുകളാൽ ഞാൻ നിന്നെ നിശബ്ദയാക്കും
കൂർത്ത നോട്ടംകൊണ്ട് നിൻറെ ബുദ്ധിയെ നശിപ്പിക്കും
എന്റെ പുഞ്ചിരിക്കുമുൻപിൽ നീ ഭൂതവും ഭാവിയും ഇല്ലാത്തവളാകും
ഈ ആശ്രയത്ത്വമാണ് നിന്റെ തൂക്കുകയർ
കൊല്ലപ്പെടുന്നത് നിന്റെ വ്യക്തിത്വവും
എന്റെ കണ്ണുകളിലാണ് ഇനി നിനക്ക് നീലാകാശം
എന്റെ മുഖഭാവങ്ങളിലാണ് നിനക്ക് ഋതുഭേദങ്ങൾ
എന്റെ നിശ്വാസത്തിലാണ് നിന്റെ പ്രാണവായു
ചുംബിച്ചുകൊണ്ട് നിന്റെ വിഷപ്പല്ല് ഞാൻ തകർക്കും
പുണർന്നുകൊണ്ട് നിന്നിലെ വന്യതയെ കീഴ്പ്പെടുത്തും
ഒടുവിലൊരു ഭിക്ഷുവിനേപ്പോലെ നീ കെഞ്ചും
"പ്രണയിക്കൂ... ഒരിക്കൽക്കൂടി..."
ഇതാണെന്റെ പ്രണയം ;
എന്റെ പ്രതികാരവും.
excellent jestin
ReplyDelete