About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Friday, 17 October 2014

മുറിവ്


നിന്റെ പല്ലുകൊണ്ട്
എന്റെ ചുണ്ടിലേറ്റ  മുറിവിന് 
മരുന്നുതേടി ഞാനലയുന്നതെവിടെ???
ഈ മുറിവിനുള്ള മരുന്ന്
നിന്റെ ചുംബനങ്ങൾ തന്നെയെന്ന് 
ഞാൻ തിരിച്ചറിയാഞ്ഞതെന്തേ???

വാക്കുകൾ  കൊണ്ട്
മരുന്നില്ലാത്ത മുറിവുകൾ
നിന്റെ നെഞ്ചിൽ കോറിവരക്കുമ്പോഴും,
വെറുപ്പിന്റെ മുനയിൽ കോപം പുരട്ടി
അതിടക്കിടെ കുത്തിയിളക്കുമ്പോഴും
നീ പുഞ്ചിരിച്ചു കൊണ്ടിരുന്നു;
മുറിവില്ലാത്തോരിടവും നിന്നിൽ
ബാക്കിയില്ലാതാകും വരെ...

ഞാൻ
ഇന്നീ ദിക്കറിയാ ദുഖ:ഭൂമിയിൽ 
ചോരയൊലിക്കുന്ന ചുണ്ടുകളുമായി
നിന്നെ തേടിയലയുന്നു...
നീയോ
വരണ്ട വേദനയുടെ മണ്‍പാതയിലൂടെ
കാല്പാടുകൾ പോലും പതിപ്പിക്കാതെ
നടന്നകന്നുകഴിഞ്ഞു.....

ഇന്നെന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന
നിന്റെ ഓർമകളുടെ കരിയിലകൾക്ക്
ഞാനിനിയും തീ കൊടുത്തിട്ടില്ല...
അതിനുമീതെ ഉറക്കം മറന്ന രാത്രികളിൽ
ശബ്ദമുണ്ടാക്കി  നടക്കുന്നതാണ്
ഇപ്പോഴീ  വേദനയ്ക്കൊരാശ്വാസം...

Friday, 10 October 2014

സഹയാത്രികരിൽ ചിലർ



                          പിന്നിൽ വന്നുനിന്ന ബസ്സിൽ  തിരക്ക് തീരെ കുറവായിരുന്നെങ്കിലും കുട്ടിയെയുമെടുത്ത് വീണ്ടും നടക്കേണ്ടതോർത്തപ്പോൾ അയാൾ  മുമ്പിലത്തെ ബസ്സിൽതന്നെ കയറി. പിൻസീറ്റിൽ ഇരിക്കുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ചയാൽ തവിട്ടു നിറമുള്ള പല്ലുകൾ പുറത്തു കാട്ടി അയാൾക്കുമാത്രം മനസിലാകുന്ന രീതിയിൽ കുട്ടിയെനോക്കി ചിരിച്ചു. കുട്ടിയത് കണ്ടില്ല, കണ്ടാൽത്തന്നെ കണ്ടതായി ഭാവിച്ചില്ല ; കാണാൻ മനോഹരങ്ങളായ  കാഴ്ചകൾ വേറെയെത്രയുണ്ട്...

                          ബസ്സിൽ തിരക്കേറിവന്നു. തേറ്റപോലെ തള്ളിനിൽക്കുന്ന പല്ലുകളുമായി എല്ലാവരെയും ശകാരിച്ച് നടക്കുന്ന ബസ്സ്കണ്ടക്ടറെ  മാറ്റിനിറുത്തിയാൽ നാട്ടിലെ പ്രധാന മദ്യശാലക്കുമുന്പിൽ വണ്ടി നിറുത്തുന്നതുവരെ രംഗം ഏറെക്കുറെ ശാന്തമായിരുന്നു. പെട്ടന്നുതന്നെ വിലകുറഞ്ഞ മദ്യത്തിന്റെയും വിയർപ്പിന്റെയും ഗന്ധങ്ങൾ സമം കലർന്നൊരു ദുർഗന്ധത്തോടൊപ്പം ആടിയുലയുന്ന ശരീരങ്ങളും അസഭ്യവർഷവും ബസിൽ നിറയാൻ തുടങ്ങി.

വെള്ളത്തുണികണക്കെ തലനരച്ച ഒരു കിളവൻ താരതമ്യേന പ്രായക്കുറവ് തോന്നിയ ഒരു പയ്യനോട് അലറി..

            "ഛീ... എണീറ്റുപോട പീക്കിരിച്ചെക്കാ... തലയ്ക്കു മൂത്തോര് ഇവടെ നിക്കണേ കണ്ടില്ലേ... "

മൊബൈൽ ഫോണിൽ എന്തോ കുത്തിക്കുറിച്ചു തനിയെ ചിരിച്ചിരുന്ന പയ്യൻ സഹയാത്രികർക്കുമുന്പിൽ തനിക്കു വന്നുപെട്ട മാനഹാനിയോർത്തു ഒരു നിമിഷത്തേക്ക് ഞെട്ടി.

   "പെരട്ടക്കെളവ, വേരുതെയോന്ന്വല്ല... പൈസകൊടുത്ത് ടിക്കറ്റ്‌ വാങ്ങീട്ടു തന്നെയാ ഞാനിവിടെ കേറിയിരിക്കണേ... വെല്ലാണ്ട് മൂപ്പിക്കാൻ വരണ്ട..."

ഇത്രയും പറഞ്ഞ്‌  ഒരു ധീരകൃത്യം നിർവഹിച്ച മട്ടിൽ അവൻ ചുറ്റുപാടും നോക്കി. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ ഗൗരവം വിട്ടു വീണ്ടും മൊബൈൽ ഫോണിൽ നോക്കി  ചിരിക്കാൻ തുടങ്ങി. വൃദ്ധനാകട്ടെ  യാതൊരു ഭാവഭേദവും കൂടാതെ മറ്റൊരാളോട് എഴുന്നേല്ക്കാൻ ആജ്ഞാപിച്ചു. അയാൾ  മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് വൃദ്ധനെ രൂക്ഷമായൊന്നു നോക്കി, വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.

കുട്ടിയെ മുറുകെപ്പിടിച്ച് അച്ഛൻ എന്തൊക്കെയോ പിറുപിറുത്തു. ഇടയ്ക്കു വാച്ചിൽ നോക്കി അക്ഷമയോടെ മുഖം തിരിച്ചു. ഈ ബസിൽ കയറേണ്ടിയിരുന്നില്ല, അയാൾ പശ്ചാത്തപിച്ചു, ഈ നേരത്ത്  ഇറങ്ങേണ്ടിയിരുന്നില്ല...

മര്യാദ നഷ്ടപ്പെട്ട യുവതലമുറയെക്കുരിച്ചു കുടിയന്മാർ ചർച്ച ചെയ്തു. കുരുത്തം കേട്ടവന്മാരെ വെടിവെച്ചു കൊല്ലണമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. അയാളുടെ മട്ടും ഭാവവും കണ്ടാൽ  അയാളിപ്പോൾതന്നെ  ഒളിച്ചുവെച്ച  തോക്ക് പുറത്തിറക്കുമെന്നും യുവാക്കൾക്കുനെരെ  നിറയൊഴിക്കുമെന്നും തോന്നുമായിരുന്നു. പെട്ടന്ന് ബസ്‌ ബ്രേക്ക്‌ പിടിക്കുകയും അയാളൊരു യുവാവിന്റെ മേലെ മറഞ്ഞു വീഴുകയും ചെയ്തു.

പിന്നീടാരോ കള്ളന്മാരുടെ വിഷയം ചർച്ചയിലേക്കെടുത്തിട്ടു. റിപ്പർ ജയാനന്ദനെ തന്റെ കാലിത്തൊഴുത്തിനു പിറകിൽ കണ്ടതായി കൂട്ടത്തിൽ കുലീനനായൊരു കുടിയാൻ സാക്ഷ്യപ്പെടുത്തി.

" വയ്ന്നാരത്തെ കഞ്ഞീം കുടിച്ച്  ഒന്ന് മൂത്രോഴിക്കാന്നും വെച്ച് തൊഴ്ത്തിന്റെ പിന്നീക്ക് പോയതാ ഞാൻ. നോക്കുമ്മിണ്ട് ദേ  എഴ്ന്നേറ്റോടാണ് റിപ്പറ്. എന്റെ നെന്ജോന്നു കാളി. ജയിലും ചാടി പോലീസിന്യും പേടിച്ച്‌  എന്റെ തൊഴ്ത്തിന്റെ പിന്നില് ഒളിച്ചിരിക്യായിരുന്നു ആശാൻ. ഒടീതു അവന്റെ നല്ലനേരം. കയ്യീകിട്ടിന്ഗ്യ ബാക്കി വെക്കില്യായിരുന്നു ഞാൻ..."

 "അത് റിപ്പറൊന്നും ആവില്ല്യ, നിങ്ങടെ നായരിച്ചീടെ മറ്റോനാവും... അല്ല പിന്നെ, മൂന്ത്യായ അപ്പറത്തു നിക്കണത് ആരാന്നു ചോദിച്ചാ കൈ മലർത്തും തന്തപ്പിടി ... എന്നിട്ട് ഇരുട്ടത്ത് ഓടണ റിപ്പറിനെ കണ്ടൂന്ന്..."

ബസിൽ കൂട്ടച്ചിരിയുയർന്നു... അത് കേട്ടില്ലെന്നു നടിച്ച് കുലീനനായ കുടിയൻ പുറത്തേക്ക് കണ്ണെറിഞ്ഞ്  പ്രകൃതിഭംഗി  ആസ്വദിക്കുന്നതിൽ ആശ്വാസം കണ്ടെത്തി.


താനീ ലോകത്തോന്നുമല്ലെന്നമട്ടിൽ പിൻസീറ്റിൽ ഇരിക്കുന്ന മുഷിഞ്ഞ വസ്ത്രധാരി എന്തൊക്കെയോ ഓർത്ത് പുഞ്ചിരിച്ചു. പിന്നീട് സൂചികയറി തളർന്ന കയ്യിലെ മുഴച്ചുനിൽക്കുന്ന  ഞെരമ്പുകളെ പതുക്കെ തലോടി. ഭൂമിയുടെ അറ്റത്തേക്കാണ് തനിക്കു പോകേണ്ടത്... ഇരുമ്പഴികളുള്ള കവാടങ്ങളും ഇരുമ്പ് കട്ടിലുകളുമില്ലാത്ത  ഒരു മൂലയിലേക്ക്...

പൊട്ടിയ ചങ്ങലയുടെ ശബ്ദം കേൾപ്പിക്കാതെ അയാൾ തന്റെ മെലിഞ്ഞുണങ്ങിയ കാലുകൾ മെല്ലെ നീട്ടിവെച്ചു. പെട്ടന്നയാൾക്ക് കരഞ്ഞാൽ കൊള്ളാമെന്നു തോന്നി, അയാൾ വിതുമ്പിക്കരഞ്ഞു... ബസ്സിന്റെ ഇരമ്പലിൽ ആ തേങ്ങൽ അലിഞ്ഞുചേർന്നു...

 ചുവന്ന കണ്ണുകളുള്ള ഒരാൾ  അകത്തേക്ക് കയറിനിൽക്കാൻ വിസമ്മതിച്ചു. അയാൾ  ഫുട്ബോർഡിൽ നിന്ന് യാത്രക്കാരെ നിയന്ത്രിക്കാനും ഏതോ മഹാഗായകനെപ്പോലെ വലതുകൈ അന്തരീക്ഷത്തിലേക്കുയർത്തി പഴയ സിനിമ ഗാനങ്ങൾ പാടാനും തുടങ്ങി...

"തലയ്ക്കു മീതെ... ശൂന്യാകാശം...."

ഇതുകണ്ട് കണ്ടക്ടർക്ക് കലിയിളകി.

" കാര്ന്നോരിങ്ങട് കേറി നിന്നേ... ഡോറ് തൊറന്ന്  താഴേക്കെങ്ങാനും വീണാ പണിയാവും... നിങ്ങള് കിളിയായിട്ടു നിന്നട്ട്  വേണ്ട ഈ ബസ്‌ പോവാൻ..."

" ഹോ... ഞാൻ വീണാ കണ്ടട്ടർക്കെന്താ ചേദം?  ഇവണ്ടത്ര സ്നേഹം എന്റെ കേട്ട്യോൾക്ക് പോലും കാണില്യാലോ..." അയാള് ചുവന്ന കണ്ണുകളെ ചെറുതാക്കി പരിഹസിച്ച് പൊട്ടിച്ചിരിച്ചു..

" നിങ്ങളോടോല്ല പ്രേമം കൊണ്ടൊന്നല്ല കാർന്നോരെ... നിങ്ങളെങ്ങാനും വണ്ടീന്ന് വീണു ചത്താ പിന്നെ ഞാൻ സമാധാനം പറയേണ്ടി വരും. ഞാനീ പെടാപാട് പെടണത് നിങ്ങടെ വീട്ട്‌കാരെ നഷ്ട പരിഹാരം തീറ്റിക്കാനല്ല...

ചുവപ്പ് കണ്ണൻ ഇളിഭ്യനായി. മറുത്തൊന്നും പറയാൻ നിക്കാതെ അകത്തോട്ടു കയറി നിന്നു. കണ്ടക്ടർ തേറ്റപ്പല്ലുകൾ പുറത്തുകാട്ടി ചിരിച്ചു. ചിരിച്ചപ്പോൾ അയാളുടെ മുഖം കൂടുതൽ വികൃതമായി. അത് കാര്യമാക്കാതെ അയാൾ  പിന്നെയും ചിരിച്ചു. കുടിയന്മാർക്ക് അയാളോട് അകാരണമായൊരു നീരസം തോന്നി.

   അച്ഛന്റെ കയ്യിൽനിന്ന് കുതറിയിറങ്ങിയ കുട്ടി സീറ്റിനടിയിൽ കണ്ട പൊട്ടിയ ചങ്ങല കൗതുകത്തോടെ പിടിച്ചുലച്ചു... പിൻസീറ്റിൽ ഇരുന്നയാൽ കാൽ പെട്ടന്ന് പിന്നോട്ട് വലിച്ചു. കുട്ടികരഞ്ഞേക്കുമെന്നും ആളെകൂട്ടിയേക്കുമെന്നുമെല്ലാം ഓർത്തപ്പോൾ അയാളുടെ കണ്ണുകളിൽ ഭയവും ആകാംഷയും നിറഞ്ഞു. നിസഹായതയോടെ അയാൾ കുട്ടിയെ നോക്കി കണ്ണുകൾകൊണ്ട് കെഞ്ചി. കുട്ടി ഭയന്ന് അച്ഛന്റെ മടിയിൽ അഭയം തേടി; ഇടയ്ക്കിടെ പിൻസീറ്റിലേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു .

 സന്ധ്യ വരച്ച ചുവന്ന ചിത്രത്തിന്മേൽ രാത്രി യാതൊരു കാരുണ്യവും കൂടാതെ കരിമഷിയോഴിച്ചുതുടങ്ങി. യാത്രക്കാർ വഴിയിൽ കൊഴിഞ്ഞുവീണു... കുഞ്ഞിനെയുമെടുത്ത്  ഇരുട്ടിലേക്കിറങ്ങുമ്പോൾ യാത്ര അസഹ്യമാക്കിയ കുടിയന്മാരെയും കുഞ്ഞിനെ തന്നു യാത്രയായ ഭാര്യയേയും അയാൾ ഒരുപോലെ പഴിച്ചു. പെട്ടന്ന് വേണ്ടായിരുന്നെന്നു തോന്നി പശ്ചാത്തപിക്കുകയും ചെയ്തു. ഭയം വിട്ടു മാറിയ മുഷിഞ്ഞ വസ്ത്ര ധാരി കുഞ്ഞിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു. അത് കണ്ടില്ലെന്നു നടിക്കാനാകാതെ കുട്ടിയും മന്ദഹസിച്ചു, അവനപ്പോൾ അയാളുടെ ചിരി  മനോഹരമായൊരു കാഴ്ചയായിരുന്നു.

അയാൾ ഇംഗ്ലീഷ് മരുന്നിന്റെ മനം മടുപ്പിക്കുന്ന മണവും ഇൻജെക്ഷൻറെ  മയക്കുന്ന വേദനയും മറന്നു തുടങ്ങി... അനാഥത്വത്തിന്റെ നൊമ്പരത്തിനും മേലെ നവജാതമായ സ്വാതന്ത്രത്തെക്കുറിച്ചോർത്തപ്പോൾ അയാൾ വീണ്ടും വീണ്ടും പുഞ്ചിരിച്ചു ... തേറ്റപ്പല്ലൻ നിരാശയോളിപ്പിച്ച  മുഖവുമായി ബാഗുതുറന്ന്  ചില്ലറയെണ്ണാനാരംഭിച്ചു. പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ചുവപ്പുകണ്ണൻ ഉറക്കെപ്പാടി...

"തലക്കു മീതെ ശൂന്യാകാശം...
താഴെ മരുഭൂമി....."

ആകാശത്തു ഉറക്കം തൂങ്ങുന്ന താരകൾ കണ്ണ്ചിമ്മുന്നുണ്ടായിരുന്നു...





Thursday, 9 October 2014

എൻറെ സ്നേഹത്തെക്കുറിച്ച്


എൻറെ സ്നേഹം മഴപോലെയാണ്...

ഒരിക്കൽ
വേനൽ കത്തിയെരിയുന്ന നട്ടുച്ചയിൽ
അതൊരു ചാറ്റൽമഴയായി പെയ്തേക്കാം
ദാഹിച്ചുവലഞ്ഞ നിൻറെ ചുണ്ടുകൾക്ക്
അതൊരാശ്വാസമായേക്കാം
നിൻറെ വരണ്ടുണങ്ങിയ മരുഭൂമികളിൽ
വീണ്ടും പുൽനാമ്പ് പൊട്ടി മുളച്ചേക്കാം...

പിന്നീട്
വിയർത്തൊഴുകുന്ന ഉഷ്ണയാമങ്ങളിൽ
അതൊരു രാത്രിമഴയായേക്കാം
എൻറെ പ്രേമത്തിൻറെ തണുപ്പിൽ
നീ സുഖമായുറങ്ങിയേക്കാം
ആ മയക്കത്തിലെവിടെയോ
മധുരിക്കുന്ന സ്വപ്‌നങ്ങൾ കണ്ട് നീ ചിരിച്ചേക്കാം...

പിന്നീടൊരിക്കലൊരു പുതുമഴയിൽ
നിൻറെ മേൽക്കൂര ചൊർന്നൊലിച്ചേക്കാം 
നീ ജലദോഷപ്പനിപിടിച്ച് കിടപ്പിലായേക്കാം
കയ്പ്പുള്ള മരുന്ന് കണ്ണടച്ചിറക്കാൻ
നീയേറെ കഷ്ട്ടപ്പെട്ടേക്കാം... 

ഒടുവിലെന്റെ സ്നേഹം
നിൻറെ ഭൂമിയിൽ പ്രളയം സൃഷ്ടിച്ചേക്കാം
പെരുമഴയിൽ നിൻറെ കണ്ണീരിന്
തനിമ നഷ്ടപ്പെട്ടേക്കാം
കാലിനടിയിലെ മണ്ണുമൊലിച്ചിറങ്ങുമ്പോൾ
നീയൊരു ഭ്രാന്തിയേപ്പോലെയലറിയേക്കാം...

പിന്നേയും ഞാൻനിന്നെ സ്നേഹിക്കും 
കാരണം,
എൻറെ സ്‌നേഹം തോരാത്ത മഴപോലെയാണ്‌...