കോഴികൂവുന്നൊരു പ്രഭാതത്തിലാണ് കുട്ടിക്ക് പുതിയൊരു കാഴ്ചയുമായി പറമ്പുപണിക്കാരൻ വേലൻ വന്നെത്തിയത്. അതൊരു പാറക്കഷ്ണമല്ലെന്നും വേലൻ പറഞ്ഞപോലെ അതിനു ജീവനുണ്ടെന്നും ഏറെ നേരം കഴിഞ്ഞാണ് കുട്ടിക്ക് വിശ്വാസമായത്. ചുറ്റുപാടും ശാന്തമായപ്പോൾ കാഴ്ചക്കാർ പൊയിരിക്കുമെന്നുതോന്നി തലപുറത്തേക്കിട്ടതായിരുന്നു ആമ. കുട്ടിയെ കണ്ടതും നാണിച്ച് വീണ്ടുമത് അന്തർമുഖനായി. കുട്ടിക്ക് ചിരിവന്നു. പാല്ക്കാരൻ ഖാദറിൻറെ മകൾ ഖദീജയും ഇതുപോലാണെന്ന് അവനോർത്തു, വെളിയിൽ തന്നെക്കണ്ടാൽ വാതിലിനകത്തേക്കവൾ തല വലിക്കും.
ആമക്ക് ആകർഷകമെന്നുപറയാൻ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ലെങ്കിലും അനാകർഷകങ്ങളായ പലതുമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം അതിനെ വീടിനകത്തേക്ക് കടത്താൻ അമ്മ സമ്മതിച്ചില്ല.
"ശ്യോ... ഒരു കാരാമ... അതിനെ കാണുമ്പോത്തന്നെ എനിക്കി ശർദ്ധിക്കാന വരണേ... ഇമ്മാതിരിയൊരു അശ്രീകരം... ആ വേലനിങ്ക്ട് വരട്ടെ... കൊടുക്കണ്ട് നല്ലത്..."
പക്ഷെ കുട്ടിക്കതിന്റെ മൊരിപിടിച്ച കാലുകളോടും കരുത്തുമങ്ങിയ പുറന്തോടിനോടും ഒരു പ്രത്യേക മമത തോന്നി. കരയാറായെന്നു തോന്നിക്കുന്ന മുഖം കണ്ടു കുട്ടി സഹതപിച്ചു. പതിയെപ്പതിയെ ആമയും കുട്ടിയോടടുത്തുതുടങ്ങി. അവനെ കാണുമ്പോൾ തോന്നാറുള്ള നാണം ആമ വേണ്ടെന്നുവെച്ചു. അത് കുട്ടിയുടെ മുൻപിലൂടെ ധൈര്യസമേതം ഉയർന്ന ശിരസുമായി നടക്കാനും ഓടാനുമൊക്കെത്തുടങ്ങി. ആമയെ വളർത്തി വലിയൊരു ജീവിയാക്കണമെന്നും നല്ലെണ്ണ തേച്ചു കുളിപ്പിച്ച് സുന്ദരനാക്കണമെന്നുമൊക്കെ കുട്ടി തീരുമാനിച്ചു. അവൻ കൊടുത്ത ചോറും കറികളും ആമ നിരസിച്ചു. വലുതാകുന്നതിൽ അതിനു താല്പര്യമില്ലായിരിക്കാം. പക്ഷെ എണ്ണതേച്ചു കുളിപ്പിക്കുന്നതിൽ ആമക്ക് എതിരഭിപ്രായമില്ലായിരുന്നു, കണ്ണിൽ വെള്ളം പോകാതിരിക്കാൻ തല അകത്തേക്കു വലിച്ചെന്നുമാത്രം.
ഇതൊന്നും അമ്മക്ക് പിടിച്ചില്ല.
"ബാക്ക്യൊള്ള പിള്ളേരെ നോക്ക്... അവ്റ്റങ്ങ കളിച്ച് മദിച്ച് നടക്കാ... ഇവിടോര്ത്തന്ണ്ട്, മേലനങ്ങണ ഒര് കളിക്കും ഈ കൊച്ച് പൂവില്യ. മുഴ്‌വൻ നേരൂം മരം ചുറ്റ്യൂം മണ്ണ് മാന്ത്യും കോഴീടെ പിന്നാല്യും നടക്കും. ഇങ്ങനെ ഉശിരില്യാത്ത ഒരാങ്കൊച്ചിനെ ഞാൻ കണ്ടട്ടില്ല്യ. ഇപ്പൊര് കാരാമേന്യും കിട്ടീട്ട്ണ്ട്... ആ വേലനിങ്ക്ട് വരട്ടെ... കൊടുക്കണ്ട് നല്ലത്..."
കുട്ടിയതൊന്നും കാര്യമാക്കിയില്ല. ആമ വിശ്രമിക്കുന്ന വിറകുപുരയുടെ മൂല അവൻ പൂക്കളാൽ അലങ്കരിച്ചു. അമ്മയുടെ അലമാരയിൽനിന്ന് മോഷ്ട്ടിച്ചെടുത്ത തൂവാല അവിടെ വിരിച്ചു. ആമ ഭക്ഷണമൊന്നും കഴിക്കാത്തത്തിൽ അവൻ ആശങ്കപ്പെട്ടു. ഉന്മേഷത്തിനായി താൻ കുടിക്കുന്ന അരിഷ്ട്ടത്തിൽനിന്ന് കുറച്ച് വൈകീട്ട് ആമക്ക് കൊടുക്കണമെന്നവനുറച്ചു.
ആമയുടെ ക്ഷീണിതമായ കണ്ണുകൾ തൻറെ മുത്തശ്ശിയുടെതു പൊലെന്നവൻ കണ്ടുപിടിച്ചു. മരിക്കുന്നതിനുമുൻപ് മുത്തശ്ശിയുടെ കണ്ണുകളിലും ഇത്ര ക്ഷീണമുണ്ടായിരുന്നു, ഇതുപോലെ പീളകെട്ടിയുമിരുന്നു. സ്നേഹനിധിയായ മുത്തശ്ശിയുടെ ഓർമയിൽ കുട്ടി ആമയെ നീട്ടിവിളിച്ചു...
"നാരായ്ണീ..."
എന്തോയെന്ന് വിളികേൾക്കാനോ വിളിച്ചതെന്തിനെന്നു ചോദിക്കാനോ ആമ കൂട്ടാക്കിയില്ല. അത് തന്റെ പതിവ് ധ്യാനത്തിലായിരുന്നു. എന്നിട്ടും തോന്നുമ്പോഴെല്ലാം കുട്ടിയതിനെ വിളിച്ചുകൊണ്ടിരുന്നു...
"നാരായ്ണീ... ഏയ് നാരായ്ണീ..."
ഇതുകൂടെയായപ്പോൾ അമ്മക്ക് ഹാലിളകി...
"ഈ കൊച്ചിനെ ഞാനിന്ന്... ഈ അശ്രീകരത്തിനെ വിളിക്കാൻ ചത്തുപോയ എന്റമ്മേടെ പേരേ കിട്ട്യോള്ളൂ???? ആ വേലനിങ്ക്ട് വരട്ടെ..." കുട്ടി പറഞ്ഞ കണ്ണുകളുടെ സാമ്യം വകവെക്കാതെയവൾ തുടർന്നു "...കൊടുക്കണ്ട് നല്ലത്..."
പെട്ടന്നൊരു പുലരിയിൽ നാരായണി അപ്രത്യക്ഷയായി. അവന്റെ ചോദ്യങ്ങൾക്കുമുൻപിൽ എല്ലാരും കൈമലർത്തി. കുട്ടി പിന്നെ പാലുകുടിക്കാൻ വിസമ്മതിച്ചു, പച്ചക്കറികളവൻ വലിച്ചെറിഞ്ഞു. നാരായണിയില്ലെങ്കിൽ താൻ ചത്തുപോയേക്കുമെന്നവനു തോന്നി. പിറ്റേന്ന് ആമക്കുപകരം ഒരു പൂടപ്പട്ടിയവിടെ വന്നെത്തി. ആമയെ ഒരു മന്ത്രവാദി പിടിച്ചുകൊണ്ടുപോയതായിരുന്നെന്നും അയാളതിനെ സുന്ദരിയായൊരു പട്ടിയാക്കി രൂപാന്തരപ്പെടുത്തിയതാനെന്നും പട്ടിയായിമാറിയ ആമയെ കുട്ടിക്കിനി സ്നേഹിക്കാം എന്നുമുള്ള സത്യങ്ങൾ അമ്മയവനെ പറഞ്ഞുമനസിലാക്കി.
"നാരായ്ണി കറുത്തതായിരുന്നല്ലോ, പിന്നെയിതെങ്ങനെ വെള്ത്തു...?"
"നാരായ്ണീനെ തൊടുമ്പോ കല്ലുപോലായിരുന്നു... ഇത് പഞ്ഞിപൊലിരിക്കുന്നു..."
നാരായ്ണി ചാടാറില്ല... കുരക്കാരില്ല... ഇത്..."
കുട്ടിയുടെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിലും ആമയെക്കാൾ എന്തുകൊണ്ടും നല്ലത് പട്ടിയാണെന്നും പക്ഷേയതിനെ നാരയണിയെന്നുമാത്രം വിളിക്കരുതെന്നും അമ്മ പറഞ്ഞു. പരാതികളും പരിഭവങ്ങളും അവസാനിപ്പിച്ച് അവൻ പട്ടിയായിമാറിയ ആമയെ സ്നേഹിക്കാൻ ശ്രമിച്ചു. അതിന്റെ അനാവശ്യമായ സ്നേഹപ്രകടനങ്ങളും വിധേയത്വവും കുട്ടിക്ക് പെട്ടന്ന് മടുത്തു. സ്നേഹംകൂടുമ്പോൾ അതുണ്ടാക്കുന്ന ശബ്ദവീചികൾ അവന് ആരോജകമായിതോന്നി. അതിനെ കാണുമ്പോഴെല്ലാം ബദാംമരത്തിൽ വേനൽക്കാലത്തെത്താറുള്ള ചൊറിയുംപുഴുക്കളെയാണ് അവനോർമവന്നത്. നാരായണിക്ക് ചന്തമില്ലായിരുന്നു... വേഗതയില്ലായിരുന്നു... മെരുമെരുന്നനെയായിരുന്നു. പക്ഷെ തനിക്കതിനെയായിരുന്നു ഇഷ്ടം.
ഒരുദിവസം ചവറുകുഴിയിലെ ചാരം കൈകൊണ്ടടിച്ച് പറത്തിക്കളിക്കുകയായിരുന്നു കുട്ടി. പെട്ടന്ന് കുഞ്ഞിക്കൈകൾ കട്ടിയുള്ള എന്തിലോ തടഞ്ഞു, അതൊരു ആമയുടെ പുറംതോടായിരുന്നു. കുട്ടിക്ക് എന്തൊക്കെയോ മനസിലായി. കണ്ണ് നിറഞ്ഞെങ്കിലും അവൻ കരഞ്ഞില്ല, ആരോടും ദേഷ്യം തോന്നിയുമില്ല. എങ്കിലും പട്ടിയായി മാറിയ ആമയെ പിന്നീടവൻ സ്നേഹിക്കാൻ ശ്രമിച്ചില്ല. "ആമകൾ ആമകളായിത്തന്നെ തുടരുന്നതായിരിക്കും നല്ലത്..." അവൻ പിറുപിറുത്തു.
No comments:
Post a Comment