ഒന്ന്
അന്നത്തെ വെയിലിന് ചൂട് കുറവായിരുന്നു. അതുകൊണ്ടുതന്നെ നിവർത്തിയ കുട അവൾ പാതിവഴിയിൽ വെച്ച് മടക്കി ബാഗിൽവെച്ചു. പുരുഷന്മാരിപ്പോഴും തൻറെ മുഖത്തേക്ക് തുറിച്ചുനോക്കുന്നതിൽ അവൾ അത്ഭുതപ്പെട്ടു. അവൾക്ക് സ്വന്തം മുഖം പൂരം കഴിഞ്ഞൊരു അമ്പലപ്പറബ്ബെന്ന പോലെ തോന്നി. അഞ്ജനമെഴുതാത്ത കണ്ണുകളിൽ ഒരനാഥത്വം ദ്രിശ്യമായിരുന്നു. കവിളുകൾ വരണ്ടുതുടങ്ങിയിരിക്കുന്നു. യവ്വനം അരങ്ങൊഴിയുകയാണോ... കുറേ വർഷത്തെ നിരർത്ഥകമായ ആട്ടങ്ങൽക്കുശേഷം...??? വഴിമാറിപ്പോയ വസന്തകാലങ്ങൾ ഇനിയൊരാസ്വാദനത്തിന് നിന്നുതരിലെന്ന ദു:ഖം അവളൊരു നേടുവീർപ്പിലൂടെ പുറംതള്ളി.
സീറ്റിൽ ബാഗ്‌വെച്ച് അവൾ ധ്രിതിയിൽ ക്യാന്റീനിലേക്ക് നടന്നു. വിശപ്പ് കത്തിപ്പടരുന്നു... ഭക്ഷണത്തിനുവേണ്ടി മാത്രമോ... ആർക്കോ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ മനസിന്റെ ദാഹവും വിശപ്പും അവൾ കണ്ടില്ലെന്ന് നടിച്ചു. തക്കാളിക്കറിയിൽ മുക്കി ഉണക്കറൊട്ടി ചവച്ചിറക്കുമ്പോൾ തെല്ലകലെ മാറിയിരുന്ന് പൊട്ടിച്ചിരിക്കുന്ന സഹപ്രവർത്തകവൃന്ദത്തെ അവൾ കണ്ടു. വിഷം വമിക്കുന്ന നാവുകൊണ്ട് അവരാരെയെങ്കിലും കൊത്തിപ്പറയ്ക്കുകയാകാം. ആ ഒരു പ്രവർത്തിക്ക് മാത്രമാണ് അവറ്റകളെ ഇത്ര സന്തോഷിപ്പിക്കാൻ സാധിക്കുക എന്നവൾക്ക് നന്നായറിയാം. അല്ലെങ്കിൽ അവൾക്ക് മാത്രമേ നന്നായറിയൂ. പെട്ടന്നവൾ വിതുമ്പിപ്പോയി. ഈ ഒറ്റപ്പെടുത്തൽ... അവഗണ... അതെല്ലാം തന്നെ ഒരു മെഴുകുതിരിപോലെ ഉരുക്കുകയാണ്. അതോ ഈ ഉരുകൽ മാത്രമാണോ തന്റെ ജീവിതം...
നഷ്ടങ്ങളെ അവൾ ത്യാഗങ്ങളെന്നുവിളിക്കാനിഷ്ടപ്പെട്ടു. അച്ഛനുമമ്മയും ഏറെ തിടുക്കത്തിൽ യാത്രപോയപ്പോൾ ഇളയതുകൾക്കൊരമ്മയായതും അവരുടെ ജീവിതത്തിനുവേണ്ടി ജീവിക്കാൻ സ്വയം മറന്നതുമെല്ലാം ഇന്ന് വെറും പഴങ്കഥ. സ്വത്ത് ഭാഗംവെക്കാൻ വന്നവർ പ്രാരാബ്ധങ്ങൾ വീതം വെക്കാൻ മറന്നുപോയി. താനൊട്ട് ഓർമിപ്പിച്ചതുമില്ല...
ഓഫീസിൽ അന്ന് പതിവുപോലെ ഒന്നും തന്നെ സംഭവിച്ചില്ല, സ്ഥിരം ജോലികൾക്കൊപ്പം ബോണസായി കിട്ടാറുള്ള പതിവ് പരിഹാസങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും മാത്രം. വിവാഹപ്രായം കഴിഞ്ഞൊരവിവാഹിത നിങ്ങൾക്ക് മുൻപിലൊരു ചൊദ്യചിഹ്നമാണ്... നിങ്ങൾക്കവളെ നിങ്ങളുടെ മനോധർമത്തിനനുസരിച്ച് ഭാഗ്യഹീനയായൊ സഹതാപപാത്രമായോ കാണാം. ആരും ചോദിക്കാൻ വരില്ല. അവൾക്കൊരു രക്ഷാകർത്താവില്ലെന്ന വസ്തുത നിങ്ങളിലെ പൂവാലനെയോ യജമാനനേയോ കെട്ടഴിച്ച് വിട്ടേക്കാം... അവളുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കാൻ ഒരു കുറ്റാന്വേഷകന്റെ താൽപര്യം നിങ്ങൾ കാണിച്ചേക്കാം... പക്ഷെ തീർത്തും നിസഹായങ്ങളായ ചില കാരണങ്ങൾക്കുമപ്പുറം തനിക്കെന്ത് രഹസ്യങ്ങളാനുള്ളത്??? ശരി, ഇതാണെൻറെ രഹസ്യം, എനിക്കീ ജീവിതം മടുത്തിരിക്കുന്നു... പ്രതീക്ഷ നൽകുന്ന ഒന്നും ബാക്കിയില്ല... ജീവിതത്തിലിനി നല്ലതൊന്നും സംഭവിക്കാനില്ല... "എനിക്കിനി ജീവിക്കേണ്ട" അവളൊരു മന്ത്രം പോലെയത് ഉരുവിട്ടുകൊണ്ടിരുന്നു. വേനലിലെ ഉഷ്ണക്കാറ്റിൽ അവളുടെ നിരാശ ആളിക്കത്തി.
രണ്ട്
അന്ന് വൈകീട്ടാണ് ഏറെക്കുറെ നശിച്ചുതുടങ്ങിയ പഴയ പൂന്തോട്ടത്തിലെ ആ പനിനീർപ്പൂമൊട്ട് അവളുടെ കണ്ണിൽപ്പെട്ടത്. വെള്ളമോ വളമോ കിടാത്തതിനാൽ റോസാച്ചെടി ഉണങ്ങിത്തുടങ്ങിയിരുന്നു. എന്നിട്ടും കണ്‍തുറക്കാൻ വെമ്പുന്ന പുതിയ മൊട്ടിന്റെ ചൈതന്യത്തിൽ ആ ചെടി അൽപ്പം പച്ചപിടിച്ചതായി അവൾക്കു തോന്നി. ആ ചുണ്ടുകളിലും ഒരു പുഞ്ചിരി മൊട്ടിട്ടു.
അന്നത്തെ സന്ധ്യക്കെന്തോ പ്രത്യേകതയുണ്ടായിരുന്നു. അസ്തമിക്കാൻ മടിച്ച സൂര്യൻ കടലിനെനോക്കി കണ്ണിറുക്കിക്കാട്ടി. പടിഞ്ഞാറിന്റെ ചുവപ്പ് പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കി. അതിൽനിന്നൊരു നുള്ള് തൊട്ടെടുത്ത് തൻറെ സീമന്തരേഖയിൽ ചാർത്താനവൾ മോഹിച്ചു. അന്തരാത്മാവിൽ എവിടെയോ ഒരുറവ പൊട്ടുന്നതായി അവൾക്കനുഭവപ്പെട്ടു...
അതെ... ഒരു പുരുഷന് ചുംബിക്കാനുള്ള മാർദവം തൻറെ ചുണ്ടുകൾക്കിനിയും നഷ്ട്ടപ്പെട്ടിട്ടില്ല; ഒരു കുഞ്ഞിനെ പാലൂട്ടാനുള്ള തുടിപ്പ് തൻറെ പയോധരങ്ങൾക്കും... പുതിയ തിരിച്ചറിവിൽ അവൾ പുഞ്ചിരിച്ചു. അവളുടെ കവിളിൽ അജ്ഞാതമായ ഒരരുണിമ പടർന്നു. അത് പടിഞ്ഞാറുകണ്ട ചുവപ്പിനെക്കാൾ സുന്ദരമായിരുന്നു.
പിറ്റേന്നുമുതൽ വെയിലിനു തീരെ ചൂടില്ലായിരുന്നു, ഒരൽപം തണുപ്പുണ്ടായിരുന്നോ... അത് വസന്തകാലത്തിന്റെ ആരംഭമായിരുന്നു.
No comments:
Post a Comment