അവളും പൂച്ചയും ആജന്മശത്രുക്കളായിരുന്നു. ആരെയും കൂസാതെ അടുക്കളയിൽ കയറി പൊരിച്ച മീനും ഇറച്ചിക്കഷ്ണങ്ങളും കട്ടുതിന്നുന്നതോടൊപ്പം അവൾ ഭർത്താവിനുവേണ്ടി പ്രത്യേകം കാച്ചിവെച്ച പാൽ പാത്രത്തോടൊപ്പം തട്ടിമറിക്കാനും പൂച്ച മറക്കാറില്ല. അവളെറിഞ്ഞ കല്ലുകൾ ഉന്നംതെറ്റി മറ്റെന്തൊക്കെയോ തകർത്തു. കെണിയിൽപെട്ട് പല ജീവികളും ചത്തുമലച്ചു. പൂച്ച മാത്രം ആരോഗ്യവതിയായി തടിച്ചുരുണ്ടു. അതിൻറെ കണ്ണുകൾ അഞ്ജനമെഴുതിയാലെന്നപോലെ സുന്ദരങ്ങളായി, അതിന്റെ തിളക്കം അനുദിനം വർദ്ധിച്ചുവന്നു, ഒപ്പം കട്ടുതീറ്റയും...
അതവളുടെ ശത്രുതയെ അതിൻറെ ഉച്ചസ്ഥായിയിലെത്തിച്ചു . അവളൊരു രാക്ഷസിയായി മാറി. അടങ്ങാത്ത കോപത്തോടെ പൂച്ചയെ കൊല്ലാൻ അവളൊരുമ്പെട്ടിറങ്ങി. അതിനാണ് താൻ ജനിച്ചതെന്നുവരെ അവൾക്കു തോന്നി. പൂച്ച ഉറങ്ങുന്നതും കാത്ത് വാക്കത്തിയുടെ മൂർച്ചകൂട്ടി അവൾ വിറകുപുരക്ക്മുൻപിൽ കാവലിരുന്നു.
അന്നുരാത്രി പൂച്ച പെറ്റു. ഓമനത്തം തുളുമ്പുന്ന കുറേ കുഞ്ഞുങ്ങൾ... അവ കുഞ്ഞിക്കണ്ണുകൾ തുറക്കാൻ മടിച്ച് അവളെ നോക്കിക്കരഞ്ഞു. പേറ്റുനോവറിയാത്ത മനസും ചുരത്താത്ത മുലകളും നിമിഷനേരത്തേക്ക് വിങ്ങി. വാക്കത്തി താഴെവെക്കാൻ കുനിയവേ ഒരുതുള്ളി കണ്ണീർ ഭൂമിയെത്തൊട്ടു. തള്ളപ്പൂച്ചയെ ശ്രദ്ധാപൂർവ്വം കയ്യിലെടുത്ത് നെഞ്ചോടുചേർത്തവൾ മന്ത്രിച്ചു, "ഓമനേ... വാ പാലുതരാം...".
No comments:
Post a Comment