About Me

My photo
ഞാൻ... സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നതിനിടയിൽ സ്വയം നഷ്ട്ടപ്പെട്ടവൻ... പുതിയ തിരിച്ചറിവുകളിൽ നിന്ന് സ്വയം കണ്ടെത്താൻ ശ്രമിക്കുന്നവൻ...

Friday, 26 September 2014

പതിവുതെറ്റിച്ചൊരു പ്രഭാതത്തിൽ


      അന്ന് സൂര്യൻ പതിവിലും വൈകിയാണ് ഉണർന്നത്. എന്നിട്ടും കർട്ടനുകൾക്കിടയിൽക്കൂടി നുഴഞ്ഞുവന്ന വെളിച്ചം കണ്ണുകളിൽ അമർത്തിച്ചുംബിക്കേണ്ടിവന്നു അവളെയുണർത്താൻ. ഉറക്കച്ചടവ് മാറുംമുന്പേ അവൾ തിരിച്ചറിഞ്ഞു, സമയം ഏറെ വൈകിയെന്നും തന്റെ ടൈം പീസ് പുലർച്ചെ മൂന്നു മണിക്ക് അകാലത്തിൽ മരിച്ചുവെന്നും. പെട്ടന്നുതോന്നിയ നിരാശയിൽനിന്ന്  ഞെട്ടിയുണർന്ന് തിടുക്കത്തിൽ വസ്ത്രം മാറ്റി അവൾ പ്രഭാതസവാരിക്കിറങ്ങി.

          മ്യൂസിയം പാർക്കിൽ അന്ന് പതിവിലുമതികം ആളുകൾ നടക്കാനെത്തിയിരുന്നു. ആയുരാരോഗ്യത്തിനായി ഉറക്കച്ചടവ് മറന്ന ഒരുകൂട്ടം ജനങ്ങൾ ഓടിയും നടന്നും വിയർത്തും തളർന്നും  മ്യൂസിയത്തെ വലംവെച്ചുകൊണ്ടിരുന്നു. അവർക്കെല്ലാം ആരോഗ്യം വേണം, തിന്നും കുടിച്ചും  വിസർജിച്ചും വിശ്രമിച്ചും ഇനിയും ജീവിക്കണം ഒരുനൂറു വർഷങ്ങൾക്കൂടി... ഓരോ റൗണ്ട് ഓടിയെത്തുമ്പോഴും തങ്ങൾ കത്തിച്ചുതീർത്ത കലോറികളെക്കുറിച്ചോർത്ത് അവർ അഭിമാനംകൊണ്ടു, തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന അർത്ഥശൂന്യതയിൽ സംതൃപ്തി  കണ്ടെത്തി...

           ഏതോ ദുരന്തസാക്ഷികളെപ്പോലെ നേരം പുലർന്നിട്ടും ഇലക്ട്രിക്‌ ലാമ്പുകൾ കത്തിനിൽക്കുന്നുണ്ടായിരുന്നു. ഡിസംബറിന്റെ ആരംഭമായതിനാൽ പ്രകൃതിയെ പുതച്ചിരുന്ന മഞ്ഞ് അതിന്റെ ചില്ലുകളിൽ ഒലിച്ചിറങ്ങി അജ്ഞാതങ്ങലായ പല ചിത്രങ്ങളും വരച്ചുകൊണ്ടിറ്റുന്നു. താനൊരു മരണവീട്ടിലാണെന്ന് അവൾക്കുതോന്നി; ഒരുപാടാളുകൾ... ആരും അധികം സംസാരിക്കുന്നില്ല, ചിരിക്കുന്നില്ല... എങ്ങുമൊരു ശ്മശാന മൂകത തളംകെട്ടി നിന്നിരുന്നു. വടിവുകളൊത്ത  ശരീരം മേല്ലെയിളക്കിക്കൊണ്ട് അവളോടിത്തുടങ്ങി. എതിരെവന്ന ഒരുപറ്റം യുവാക്കളുടെ നോട്ടം അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

                   ഒരു റൗണ്ട് പൂർത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും അവൾ അസാധാരണമാംവിധം  കിതച്ചുതുടങ്ങിയിരുന്നു. വരണ്ടു പൊട്ടാറായ  തൊണ്ടയിൽ ഒരിറ്റു വെള്ളം വീണില്ലെങ്കിൽ താനിപ്പോൾ മരിച്ചുപോയേക്കുമെന്ന് അവൾ ഭയന്നു. തിരക്കിട്ട് പുറപ്പെടവെ താനിന്നു കുടിവെള്ളം കരുതാൻ മറന്നുപോയിരിക്കുന്നു... പതിവില്ലാത്ത ഈ തളർച്ച അവളെ അത്ഭുതപ്പെടുത്തി.

                    പെട്ടന്നാണ് ഒരുകുപ്പി വെള്ളവുമായി ആ യുവാവ് പ്രത്യക്ഷപ്പെട്ടത്. ശരീരം മുഴുവൻ മൂടി കറുത്തൊരു ടിഷർട്ടും അതേ നിറത്തിലൊരു ട്രാക്ക്സ്യൂട്ടുമായിരുന്നു അയാളുടെ വേഷം. കരിങ്കല്ലിൽ കടഞ്ഞെടുത്താലെന്നപോലെ മേദസുതൊടാത്ത ശരീരം വസ്ത്രത്തിനുള്ളിൽ കിടന്നും അതിന്റെ മഹത്ത്വം വിളിച്ചോതിയിരുന്നു. അയാളൊരു പുരാതന നഗരത്തിലെ രാജകുമാരനാണെന്നും ഒരു പ്രേമകാവ്യത്തിലെ നായകനാണെന്നും അവൾ ചിന്തിച്ചു. മുഖത്തുനിന്നും കണ്ണെടുക്കാതെത്തന്നെ അവൾ ദാഹം തീരുവോളം വെള്ളം കുടിച്ചു.

"നന്ദി..."

നനഞ്ഞ ചുണ്ടുകളോടെ അവൾ പറഞ്ഞു.


"ഞാനതർഹിക്കുന്നില്ല..."

 അയാളുടെ ശബ്ദം അവൾ പ്രതീക്ഷിച്ചതിലും സുന്ദരമായിരുന്നു.

           ആ കണ്ണുകളിൽനിന്നു മുഖം തിരിക്കാൻ അവൾക്കായില്ല. കറുത്തിരുണ്ട് നിഗൂഡങ്ങളായ ആ രണ്ടു ഗോളങ്ങൾക്കുള്ളിൽ ആരെയും വശീകരിക്കാൻ കെല്പുള്ള ഒരായിരം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. അയാളുടെ മുഖത്തിൻറെ നിറം മൃതമായൊരു വെളുപ്പാണെന്നു കണ്ടുപിടിച്ചിട്ടും അവൾക്കത് ഹൃദ്യമായിത്തോന്നി. താനിയാളെ പ്രണയിക്കാൻ പോവുകയാണോ... നാളെ  താലിച്ചരടിനുമുൻപിൽ  തലകുനിക്കാൻ ഒരുങ്ങുമ്പോൾ താൻ മറ്റൊരു പ്രണയത്തിൽ അകപ്പെട്ടവളാകുമോ...


          മധുരമായി  പുഞ്ചിരിച്ചുകൊണ്ട് ആഗതൻ ചോദിച്ചു "എനിക്ക് നടക്കാനൊരു കമ്പനി തരാമോ...?" അനുരാഗത്തിന്റെ പുതിയൊരുഭാവം ആ ചോദ്യത്തിൽ അവളറിഞ്ഞു. അതുശരിയാകില്ലെന്നും നാളെ തന്റെ വിവാഹമാണെന്നും പറയാൻ തുനിഞ്ഞെങ്കിലും പെട്ടന്നത് വേണ്ടെന്നുവെച്ചു. ആ സത്യം അയാളെ തന്നിൽനിന്നും അകറ്റിയേക്കാം. ഈ സുന്ദരൻ തന്റെ ജീവിതത്തിലെന്തോ അപൂർവമായ മാറ്റം വരുത്താൻ വന്നെത്തിയവനാണ്... ഇവനെ അവഗണിച്ചുകൂടാ...

പ്രത്യേകിച്ചൊരർത്ഥവുമില്ലാത്ത തലയാട്ടലിനുശേഷം അവൾ ചോദിച്ചു "ഇയാളുടെ പേരെന്താ..?"

" ഓ... അതേറെ പഴയൊരു പേര്...ആർക്കും ഇഷ്ടമാകാൻ വഴിയില്ല..." വിഷയം മാറ്റാനെന്നവണ്ണം അയാൾ തുടർന്നു "...വരൂ നമുക്കൊരൽപ്പംകൂടെ നടക്കാം..."

"ഇനിയോ... ഞാനിപ്പോൾ തന്നെ തളർന്നിരിക്കുന്നു.."

"ആഹ... നല്ല തമാശതന്നെ... തന്നെക്കാലെത്രയോമടങ്ങ്‌ പ്രായം ചെന്നവനാണ് ഞാൻ... എന്നിട്ടും ഞാനിനിയും തളർന്നിട്ടില്ല, കിതക്കുന്നുപോലുമില്ല... വരൂ, ഒരല്പ്പ ദൂരംകൂടി..."

പ്രായത്തെക്കുറിച്ച് അയാൾ പറഞ്ഞതവൾക്ക് ദഹിച്ചില്ലെങ്കിലും ആ വിളി അവൾക്കു നിരസിക്കാനായില്ല. അവളയാളെ സ്നേഹിച്ചുതുടങ്ങിയിരുന്നു.

ഓടുന്നതിനിടയിൽ അവൾപറഞ്ഞു

"ജോഗിങ്ങിനിറങ്ങുമ്പോൾ ശരീരംമൂടിയുള്ള വസ്ത്രധാരണം അസൗകര്യമായിരിക്കും... ഒരു സ്ലീവ് ലെസ്സും ത്രീഫൊർതും ആയിരിക്കും നല്ലതെന്ന് തോന്നുന്നു..."

അയാളത് കേട്ടഭാവം നടിച്ചില്ല. എങ്കിലും അല്പംകഴിഞ്ഞു പറഞ്ഞു

"നമ്മുടെ സൗകാര്യങ്ങൾക്കും തോന്നലുകൾക്കുമെല്ലാം എത്രയോ ദൂരെയാണ് യാഥാർത്ഥ്യം..."

വിചിത്രമായൊരു ഭയം തന്നെ പിടികൂടുന്നത് അവളറിഞ്ഞു. 

പകച്ചുനോക്കുന്ന കണ്ണുകൾക്ക്‌മുൻപിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ തുടർന്നു...

"യമുന വിധിയിൽ വിശ്വസിക്കുന്നുണ്ടോ..?"

ഇല്ലെന്നവൽ തലയാട്ടി.

"വിശ്വസിച്ചി രുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു..."

                അയാളുടെ ഓട്ടത്തിന്റെ വേഗത അവിശ്വസനീയമാംവിധം കൂടിക്കൊണ്ടിരുന്നു. അവൾക്കു തന്റെ ലോകം കീഴ്മേൽ മറയുന്നതുപോലെ തോന്നി. അയാൾ തന്റെ പേരറിഞ്ഞതെങ്ങനെയെന്നും ഇപ്പറഞ്ഞതിന്റെയെല്ലാം ആന്തരാർത്ഥമെന്തെന്നും അവൾക്കറിയണമായിരുന്നു.
                    
                         അയാൾക്കൊപ്പമെത്താൻ അവൾ ആകുന്നത്ര കുതിച്ചു, അയാളാകട്ടെ അവളുടെ കണ്മുൻപിൽനിന്ന് മാഞ്ഞുകൊണ്ടിരുന്നു...  പന്തയക്കുതിരയെപ്പോലെ കുതിച്ചുപായുന്ന യുവതിയെക്കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു, ചിലർ കൂക്കിവിളിച്ചു... അതൊന്നുമവൾ വകവെച്ചില്ല. താൻ വിധി തീർത്തൊരു കോട്ടയിൽ നിന്ന് രക്ഷപ്പെടുകയാനെന്നും അയാളുടെ കൈകളിലാണ് തന്റെ ഇനിയുള്ള ജീവിതമെന്നും അവൾ വിശ്വസിച്ചു.     ഒഴുകിയെത്തിയ വിയർപ്പുതുള്ളികളിൽ അവളുടെ കാഴ്ച മങ്ങിത്തുടങ്ങി... ഇടനെഞ്ചിലെ പെരുംബറക്കൊട്ട് ഉച്ചസ്ഥായിയിലെത്തി... മരണം ജീവിതത്തേക്കാൾ സുന്ദരമാണെന്ന് അവൾ തിരിച്ചറിഞ്ഞു... പെട്ടന്നവൾ മരിച്ചുവീണു...

No comments:

Post a Comment