മേശവലിപ്പിൽ നിന്നും നൂറു രൂപ മോഷ്ട്ടിച്ചതിനെ തുടർന്നാണ് പ്യൂണ്‍ രവിയെ ഹെഡ്മാസ്റ്റർ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.
"ന്യായം എന്തുതന്നെയായാലും ഒരു കള്ളനെ എന്റെ മൂക്കിൻ കീഴിൽ ഞാൻ വെച്ചുപോറുപ്പിക്കില്ല..."
വിടർന്ന മൂക്ക് വിറപ്പിച്ചുകൊണ്ട് മാസ്റ്റർ അറുത്തുമുറിച്ചു പറഞ്ഞു. തളർന്ന കണ്ണുകളിൽ കുറ്റബോധം നിറച്ച് മറുത്തൊന്നും ഉരിയാടാതെ അയാൾ വർഷങ്ങളായി തന്നെയും കുടുംബത്തെയും തീറ്റിപ്പോറ്റിയ സ്കൂളിന്റെ പടിയിറങ്ങി. അയാളുടെ മൗനവും കീഴ്വഴക്കവും മാസ്റ്ററിന്റെ ശുണ്ടി കൂട്ടി.
"ഈ ധിക്കാരി ഇനിയീ പടിച്ചവിട്ടില്ല..."
അയാൾ മോഷണത്തിന് ദൃസാക്ഷിയായിരുന്ന അടിച്ചുതളിക്കാരി ജാനുവമ്മക്ക് വാക്കുകൊടുത്തു.
സംഭവമറിഞ്ഞ് സ്കൂൾ ഞെട്ടി.
"എന്തായാലും കട്ട്. കട്ടപ്പൊ കനത്തിൽ വല്ലതും കക്കണമായിരുന്നു"
ഉച്ചക്കഞ്ഞിക്ക് ഉപ്പിടുന്നതിനിടയിൽ പാചക്കക്കാരൻ പറഞ്ഞു.
പിറ്റേന്ന് മുതൽ രവിക്ക് അഞ്ഞൂറും ആയിരവുമായി പലിശക്ക് കടം കൊടുത്തിരുന്ന അധ്യാപക-അനധ്യാപക സ്റ്റാഫുകൾ ഓഫീസറൂമിൾ തടിച്ചുകൂടി. ആരെയും അറിയിക്കാതെ പ്യൂണിനെ പിരിച്ചു വിട്ടതിൽ എല്ലാവരും ഐക്യകണ്ഠഎന പ്രതിഷേധം വെളിപ്പെടുത്തി.
"ആ കള്ളവടുവന്റെ വീടുപോലും ഞങ്ങള്‍ക്ക് നിശ്ചയില്ല്യ. ഇബടത്തെ പ്യൂണ്‍ ആണല്ലോന്നോള്ള ഒരൊറ്റ ഒറപ്പുംമേലാ പൈസ കടം കൊടുത്തെ... ഞങ്ങളടെ പൈസ മാസ്റ്റർ തന്നെ വാങ്ങിത്തരണം..." പെൻഷൻ പറ്റാറായ സരസ്വതി ടീച്ചറിന്റെ അഭിപ്രായത്തോട് മാസ്റ്റർ ഒഴികെ എല്ലാരും യോജിച്ചു; മാസ്റ്ററിന്റെ വിയോജിപ്പ് ആരും വകവെച്ചതുമില്ല.
മാസ്റ്റർ ആദ്യമയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.
"കൊറേ കടം വീട്ടാനുണ്ട്. ഒന്നും മറന്നിട്ടില്ല്യ. ആരെയും പറ്റിക്കില്ല. ഒരു മാസം എനിക്ക് സമയം തരണം.."
ആ മാസത്തെ ഉറപ്പുകൊടുക്കലിനു ശേഷം പിന്നീടയാൾ ഫോണ്‍ അറ്റെന്റ് ചെയ്യതെയായി. ഒത്തുതീർപ്പിനു വിളിച്ച ഒരാളോട് താനിപ്പോൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ആണെന്നും മറ്റൊരാളോട് എറണാകുളത്തു ബസ്സ്സ്റ്റാന്ടിൽ ആണെന്നും അയാള്‍ പറഞ്ഞു.
"ഒരേ സമയം രണ്ടിടത്തു പ്രത്യക്ഷപ്പെടാൻ ഇവനാരാ സായ്ബാബ്യോ? ആ വിദ്യ എനിക്കൂടെ പഠിച്ചാ കൊള്ളായിരുന്നു "
പാചകക്കാരൻ ചിരിച്ചുകൊണ്ട് കുടവയർ ചൊരിഞ്ഞു
"ഇപ്പൊ നിങ്ങള്‍ ഒരു കൂട്ടരുടെ വയറേ കേടാക്കണുള്ളോ... ഇനീപ്പോ ഒരേ സമയം രണ്ടു കൂട്ടരേ വേറുപ്പിക്കണേരിക്കും..."
കഞ്ഞികുടിക്കാൻ വേണ്ടിമാത്രം സ്കൂളിൽ വരുന്ന ഏറെ മുതിര്‍ന്ന ഒരു വിദ്യാർഥിനി വായ്പോത്തിചിരിച്ചു.
അങ്ങനെ പ്യൂണ്രവി കള്ളൻ മാത്രമല്ല ഒരു വല്യ നുണയൻ കൂടിയാണെന്ന് തെളിഞ്ഞു.
"അയാൾക്ക് കൊറേ ചിട്ടികളുണ്ട്.... സ്വർണായിട്ട് കൊറേ കരുതി വെച്ചിട്ടൂണ്ട്... ഈ കള്ളപ്പണി ചെയ്തു കിട്ടണതൊക്കെ പിന്നെ എങ്ങോട്ട് പോവാന്നാ വിജാരം..?" ജാനുവമ്മ അടക്കം പറഞ്ഞു.
"ഇത് ഞാൻ വെച്ച് പോരുപ്പിക്കില്യ...." വിടര്‍ന്ന മൂക്കുകൾ വീണ്ടും വീണ്ടും വിറച്ചു...
അങ്ങനെ ഏറെ കഷ്ട്ടപ്പെട്ടു വിലാസം തപ്പിപ്പിടിച്ചാണ് പിറ്റേ വെള്ളിയാഴ്ച വൈകീട്ടു മാസ്റ്റർ ആ തെരുവിലെത്തിയത്.പിന്നെയും പ്രായാധിക്യത്താൽ കാതടഞ്ഞ ഒരു വൃദ്ധയോട് കുറെ തിരുവാതിര കളിക്കേണ്ടിവന്നു രവിയുടെ വീട് കണ്ടു പിടിക്കാൻ. ആസ്മക്കാരിയുടെ മട്ടും ഭാവവുമുള്ള വിളർച്ച ബാധിച്ചൊരു സ്ത്രീയാണ് വാതിൽ തുറന്നത്. മനുഷ്യശരീരത്തിൽ എല്ലുകളുടെ പങ്കു വിളിച്ചോതുന്നതായിരുന്നു അവളുടെ രൂപം. തലയോടിൽ ഉത്ഭവം തേടിപ്പോയ അവളുടെ കണ്ണുകൾ പെട്ടന്ന് വിടർന്നു.
"ഉസ്കൂളിലെ എഡ്മാസ്റ്റർ അല്ലെ... ഞാൻ കണ്ടട്ടുണ്ട്... അകത്തേക്ക് കയറിയിരിക്കണം... സൌകര്യങ്ങളൊക്കെ കൊറവ... എന്നാലും മാസ്റ്ററെ പുറത്തു നിർത്ത്യാൽ രവിയേട്ടൻ വഴക്ക് പറയും..."
നെടുകെ പഴുതുകളുള്ള വാതിൽ മലർക്കെ തുറന്നും തേയ്മാനം വന്ന ദന്തനിരകൾ വെളിപ്പെടുത്തി ചിരിച്ചും അവൾ മാസ്റ്റർക്ക് സ്വാഗതമോതി...
"രവിയേട്ടൻ മേല്കഴുക... ഇപ്പോ വരും... ഞാൻ അദ്യത്തിന്റെ ഭാര്യാ... കല്യാണി.. മാസ്റ്റർ കേറിയിരിക്ക്..."
ഒന്ന് മടിച്ചെങ്കിലും നിർബന്ധത്തിനുവഴങ്ങി മൂത്രത്തിന്റെയും കഫത്തിന്റെയും മണം നിറഞ്ഞുനിൽക്കുന്ന ഒറ്റമുറിയിലേക്ക് മാസ്റ്റർ കടന്നു.
"രവി കുറച്ചു പൈസ കടം വാങ്ങിയിരുന്നു... അതിന്റെ തീരുമാനം അറിയാൻ വന്നതാണ്... "
"ഇരിക്കൂ..."
ആ സ്ത്രീ കൂടുതൽ വിനയാന്വിതയായി. പക്ഷെ ഇരിക്കാൻ മാത്രം ആ ചെറിയ മുറിയിൽ ഒന്നുംതന്നെ മാസ്റ്റർ കണ്ടില്ല; ഒരേയൊരു ഫർണിച്ചർ മൂലയിൽ കിടക്കുന്ന ഏറെ പഴയൊരു കയറുകട്ടിൽ ആയിരുന്നു. കാലപ്പഴക്കം കൊണ്ട് അയഞ്ഞുതുടങ്ങിയ കയറിഴകൾ ഒരാട്ടുതൊട്ടിലിനെ അനുസ്മരിപ്പിക്കുംവിധം താഴെ ഇരുട്ടിലേക്ക് കുഴിഞ്ഞുപോയിരുന്നു. മാസ്റ്റർ ഇരുന്നതും ഉറക്കെ ഞെരങ്ങിക്കൊണ്ട് കട്ടിൽ ആ വശത്തേക്ക് ചെരിഞ്ഞു. പെട്ടന്ന് കട്ടിലിനു നടുവിലെ ഇരുട്ടിൽ നിന്നും ഒരു നേർത്ത കരച്ചിൽ കേൾക്കുമാറായി. മാസ്റ്റർ ഭയത്തോടെ ചാടിയെനീറ്റു...
"അത് അമ്മയാണ്... കൊറേ വർഷങ്ങളായി തളർവാതം പിടിച്ചു കിടപ്പിലാണ്...ഇപ്പൊ കണ്ണും കണ്ടൂടാ... ചെവ്യും കേട്ടൂട... പാവം, അയ്നെക്കൊണ്ട് ഒരു ശല്യൂല്യ ..." അമ്മിണി അലസമായി പറഞ്ഞു.
ഇരുട്ടിൻറെ ഒത്തനടുവിൽ ഒരു മനുഷ്യജീവി കിടക്കുന്നുണ്ടെന്ന് അപ്പോഴാണ് മാസ്റ്റർ ശ്രദ്ധിച്ചത്. മുഷിഞ്ഞ പുതപ്പിനിടയിൽ ഒരു നവജാത ശിശുവിന്റെ നിസഹായതയോടെ ശയിക്കുന്ന രൂപത്തെ മാസ്റ്റർ തെല്ലുഭയത്തോടെനോക്കികണ്ടു. ഒരു നിമിഷത്തേക്ക് അതൊരു മൃതശരീരമാണെന്നു അയാൾക്കുതോന്നി. ഓലമേഞ്ഞ മേല്‍ക്കൂരയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയരശ്മികൾ അയാളുടെ അസ്വസ്ഥത വർദ്ധിപ്പിച്ചു .
"ഞാൻ മാസ്റ്റർക്ക് കട്ടൻ ചായ എടുക്കട്ടെ?"
"വേണ്ട... "
"രവിയേട്ടൻ മേലുകഴുകാൻ കേറിയെ ഉള്ളു... ഇന്ന് മാപ്പിളമാര്ടെ പള്ളീല് ഒരു ശവക്കുഴി തൊറക്കലായിരുന്നു പണി... അതിന്റെ മണ്ണും ചളീം ഒക്കിണ്ട് മേലെ... അതോണ്ട വയ്കണേ..."
"ഉം..."
മാസ്റ്ററൊന്നു അമർത്തിമൂളി. താനയാളെ പറഞ്ഞു വിടേണ്ടിയിരുന്നില്ല. രവി സ്നേഹമുളളവനായിരുന്നു... എല്ലാ ജോലിയും മടികൂടാതെ ചെയ്യുന്നവനായിരുന്നു... കുറച്ചു മനുഷ്യജീവികളുടെ പട്ടിണി മാറ്റാൻ എല്ലുമുറിയെ പണിയെടുക്കുന്നവനായിരുന്നു... ഒരിക്കൽ താൻ അപ്പെണ്ടിക്സിന്റെ ഓപറേഷൻ കഴിഞ്ഞു സർക്കാർ ആശുപത്രിയുടെ ജനറൽ വാർഡിൽ കിടക്കുമ്പോൾ ഉറക്കമിളച്ചു കാവലിരിക്കാനും ഉത്തരവാദിത്വത്തോടെ കൊതുകിനെ കൊല്ലാനും രവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതൊന്നും നന്ദികെട്ടവനായ താൻ ഓർത്തില്ല. തനിക്കയളോട് ക്ഷമിക്കാമായിരുന്നു. മാസ്റ്റർ ഹൃദയംനൊന്ത് ഖേദിച്ചു.
ആ കുടുസുമുറിയുടെ ഇട്ടാവട്ടത്തിനുള്ളിൽ കുറച്ചു നേരം ഉലാത്തിയപ്പോൾ അയാൾക്ക് പെട്ടന്ന് രവിയുടെ മകൻറെ കാര്യം ഓർമവന്നു. ഒരിക്കൽ അവനെ സ്കൂളിൽ കൊണ്ടുവന്നതും പാട്ടുപാടിച്ചതുമെല്ലം മാസ്റ്റർ വാത്സല്യത്തോടെ ഓർത്തു.
"കുട്ടി കളിക്കാൻ പോയിരിക്കുമല്ലേ? എനിക്കൊന്നു കണ്ടാൽ കൊള്ളാമായിരുന്നു..."
ആ ചോദ്യത്തിന് കല്യാണി മറുപടിയൊന്നും പറഞ്ഞില്ല. ഞൊടിയിടയിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകി. കരയുമ്പോൾ അവളുടെ മെലിഞ്ഞ കഴുത്തിലെ ഞരമ്പുകൾ വികൃതമായി വലിഞ്ഞുമുറുകി.
"ദയവായി കരയരുത്... അതിനുമാത്രം എന്തുണ്ടായി..." മാസ്റ്റർ അസ്വസ്ഥമായ സ്വരത്തിൽ പിറുപിറുത്തു.
കല്യാണി പതുക്കെ കരച്ചിൽ നിറുത്തി, സാരിത്തലപ്പുകൊണ്ട് മൂക്കുപിഴിഞ്ഞു.
"മോൻ മരിച്ചിട്ട് ഒരാഴ്ച ആവണേയുള്ളു... ദേ, അവടെയാ അടക്കീത്..."
പുരയിടത്തിലെ പുതിയൊരു വാഴത്തടം ചൂണ്ടിക്കാട്ടി അവൾ തുടർന്നു
"ഹൃദയത്തില്‍ ഒരു കൊഴപ്പം ഉണ്ടായിരുന്നു. ഓപറേഷൻ ചെയ്താ മോനെ കിട്ടുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്റെ കെട്ടുതാലി വരെ വിറ്റാണ് പൈസ ഉണ്ടാക്കീത്... എന്നിട്ടും..."
ബാക്കി വാക്കുകൾ ഒരു നെടുവീർപ്പിലൂടെ പുറംതള്ളിക്കൊണ്ട് അവൾ വിതുമ്പി... ആയാളുടെ ഹൃദയം മരവിച്ചു. കുടയെടുക്കാതെ പുറത്തെക്കിറങ്ങിയ ഒരാൾക്ക് കാർമേഘം കാണുമ്പോഴുണ്ടാകുന്ന പ്രതീതിയായിരുന്നു അയാൾക്കപ്പോൾ.
"കരയരുത്..." മാസ്റ്റർ പിറുപിറുത്തു.
കുളിമുറിയുടെ പാട്ടവാതിൽ ആരോചകമായി ഞെരങ്ങിക്കൊണ്ട് തുറന്നു. ഈറൻ മുടിയും ഭയന്ന കണ്ണുകളുമായി രവി മാസ്റ്ററിന്റെ മുൻപിൽ എത്തി.
"രവിയേട്ടൻ മാസ്റ്റർക്കു പൈസയെത്രയോ കൊടുക്കാനുണ്ടെന്ന് പറയനു... ഉവ്വോ? "
മെലിഞ്ഞ കഴുത്തു ഉയർത്തിക്കൊണ്ട് കല്യാണി ചോദിച്ചു.
രവിയൊന്നും മിണ്ടിയില്ല, പിടിക്കപെട്ട കള്ളന്റെ കീഴ്വഴക്കത്തോടെ അയാൾ നിറഞ്ഞ കണ്ണുകളുമായി തലതാഴ്ത്തി നിൽക്കുകമാത്രം ചെയ്തു.
"ഇല്ല... അങ്ങനെയല്ല... ഞാനാണ് കടക്കാരൻ ... ഞാനിയാൾക്കാണ് കൊടുക്കാനുള്ളത്...."
മാസ്റ്റർ തന്റെ ശബ്ദം ഇടറാതിരിക്കാൻ ശ്രദ്ധിച്ചു. എന്നിട്ടൊരു ദീർഘനിശ്വാസത്തോടെ തന്റെ കീശയിൽ ബാക്കിയുള്ള മുഷിഞ്ഞ നോട്ടുകൾ ജനൽപടിമേൽവെച്ച് തിരിഞ്ഞുനോക്കാതെ മുറ്റത്തേക്കിറങ്ങി.
"അങ്ങന്യല്ലാലോ പറഞ്ഞിരുന്നെ... ഇനി ഞാൻ കേട്ടത് തെറ്റിയോ...?" കല്യാണി മാസ്റ്റർ പോയ വഴിയിൽ നോക്കി പിറുപിറുത്തു.
Nannayitund
ReplyDeletenice man, well written.
ReplyDeleteall the best .. keep on going :)
Pachayaya Jeevitham...
ReplyDeleteവളരെ ഹൃദയ സ്പർശിയായിട്ടുണ്ട്..നല്ല എഴുത്ത് .
ReplyDeleteThank you very much.. Lov u all...
ReplyDeleteJestin.... nannayittundu
ReplyDelete