നിന്റെ പല്ലുകൊണ്ട്
എന്റെ ചുണ്ടിലേറ്റ മുറിവിന്
മരുന്നുതേടി ഞാനലയുന്നതെവിടെ???
ഈ മുറിവിനുള്ള മരുന്ന്
നിന്റെ ചുംബനങ്ങൾ തന്നെയെന്ന്
ഞാൻ തിരിച്ചറിയാഞ്ഞതെന്തേ???
വാക്കുകൾ കൊണ്ട്
മരുന്നില്ലാത്ത മുറിവുകൾ
നിന്റെ നെഞ്ചിൽ കോറിവരക്കുമ്പോഴും,
വെറുപ്പിന്റെ മുനയിൽ കോപം പുരട്ടി
അതിടക്കിടെ കുത്തിയിളക്കുമ്പോഴും
നീ പുഞ്ചിരിച്ചു കൊണ്ടിരുന്നു;
മുറിവില്ലാത്തോരിടവും നിന്നിൽ
ബാക്കിയില്ലാതാകും വരെ...
ഞാൻ
ഇന്നീ ദിക്കറിയാ ദുഖ:ഭൂമിയിൽ
ചോരയൊലിക്കുന്ന ചുണ്ടുകളുമായി
നിന്നെ തേടിയലയുന്നു...
നീയോ
വരണ്ട വേദനയുടെ മണ്‍പാതയിലൂടെ
കാല്പാടുകൾ പോലും പതിപ്പിക്കാതെ
നടന്നകന്നുകഴിഞ്ഞു.....
ഇന്നെന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന
നിന്റെ ഓർമകളുടെ കരിയിലകൾക്ക്
ഞാനിനിയും തീ കൊടുത്തിട്ടില്ല...
അതിനുമീതെ ഉറക്കം മറന്ന രാത്രികളിൽ
ശബ്ദമുണ്ടാക്കി നടക്കുന്നതാണ്
ഇപ്പോഴീ വേദനയ്ക്കൊരാശ്വാസം...
No comments:
Post a Comment