ദു:ഖങ്ങളെ ഇറക്കിവെക്കാൻ ഞാൻ രാത്രിയുടെ മടിത്തട്ടിലേക്ക് ഓടിയടുക്കുന്നതെന്തിനാണ്... ഉതിർന്നുവീഴാൻ വെമ്പുന്ന കണ്ണുനീർതുള്ളികളെ അവൾക്കു സമ്മാനിക്കാൻ ഞാൻ മിഴിച്ചെപ്പിൽ പൂട്ടിവെക്കുന്നതെന്തിനാണ്... എൻറെ സ്വകാര്യദു:ഖങ്ങൾ ഉറങ്ങാതെ കേട്ടിരുന്ന് രാത്രിയുടെ കണ്തടങ്ങൾ കറുത്തിരുണ്ടു. ഇനിയൊരു പൗർണമിയിലെ പാൽനിലാവിനും അവളെ വെളുപ്പിക്കാനാകില്ല. രാത്രി...തിളങ്ങാൻ കൊതിച്ച മിന്നാമിനുങ്ങിനും നക്ഷത്രക്കുഞ്ഞുങ്ങൽക്കും വേണ്ടി കറുപ്പിൻറെ മൂടുപടം സ്വയം ഏറ്റുവാങ്ങിയ രാത്രി... വിടരാൻ നാണിക്കുന്ന വെള്ളപ്പൂക്കൾക്കും കരയാൻ വെമ്പുന്ന കണ്ണുകൾക്കും വേണ്ടി സ്വകാര്യതയുടെ തിരശീല നെയ്ത് കാവലിരിക്കുന്ന രാത്രി... അവൾ ശൂന്യതയല്ല, പൂർണതയാണ്... ഇരുട്ടിന്റെ ഓരോ കണികയിലും അവൾ രഹസ്യങ്ങൾ ഒളിച്ചുവെച്ചു; ഓരോ രഹസ്യങ്ങളിലും വേദനകളും...
രാത്രിയുടെ ഇരുണ്ട നിലവറകളിൽ ഞാനെൻറെ മോക്ഷത്തിന്റെ നിധി തേടിയലഞ്ഞു. തള്ളിത്തുറന്ന ഓരോ അറകളിലും അവിശ്വസനീയതയുടെ പഴന്തുണികൊണ്ട് മറച്ചുവെച്ച സത്യത്തിന്റെ രത്നങ്ങളുണ്ടായിരുന്നു...അത് തിരിച്ചറിയുംതോറും കണ്ണുകളിലെ പ്രകാശത്തിനൊപ്പം എൻറെ ദു:ഖങ്ങളുടെ ഭാരവും കൂടിക്കൊണ്ടിരുന്നു... ഒടുവിൽ ദു:ഖഭാരത്താൽ മുൻപോട്ടു നീങ്ങാനാകാതെ വിദൂരമായ ലോകത്തിനു മുൻപിൽ ഞാനെൻറെ തിളങ്ങുന്ന കണ്ണുകളെ കൊട്ടിയടച്ചു... ഇനി സമാധി... ഇരുട്ടിന്റെ കറുത്ത ശല്ക്കങ്ങൾക്കുള്ളിൽ... രാത്രിയുടെ പൂർണതയിൽ ഒരപൂർണതയായി... അനുഭവങ്ങളെ നിർവികാരതയുടെ പഴന്തുണിയാൽ മൂടിക്കെട്ടി... സത്യത്തിൻറെ പുതിയൊരു രത്നമാകുന്നതും കാത്ത്...
ഒരു നീണ്ട സമാധി...
good....I didnt understand . please use bilangual in 2 languages .
ReplyDelete